
തിരുനെൽവേലി: പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സുവിശേഷ പ്രസംഗകന് വധശിക്ഷ. തിരുനെൽവേലി തേവർകുളം സ്വദേശി എസ്. അബ്രഹാമിനെയാണ് (47) തിരുനെൽവേലി പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി കെ. സുരേഷ് കുമാർ വധശിക്ഷയ്ക്ക് വിധിച്ചത്. കേസിലെ നാല് ഇരകൾക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
2022-ലാണ് അബ്രഹാം കുട്ടികളെ പീഡിപ്പിച്ചെന്ന വിവരം പുറത്തുവന്നത്. തേവർകുളം സ്വദേശിയായ എട്ടുവയസ്സുകാരി പീഡനത്തിനിരയായതോടെയാണ് സംഭവം പുറത്തറിയുന്നത്. പള്ളിയിൽ മ്യൂസിക് ക്ലാസിന് പോയ കുട്ടിയെ സമീപത്തെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
കുട്ടി ഇക്കാര്യം അമ്മയോട് പറഞ്ഞതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് മ്യൂസിക് ക്ലാസിൽ എത്തിയിരുന്ന മറ്റ് മൂന്ന് പെൺകുട്ടികളെയും അബ്രഹാം സമാനമായി പീഡിപ്പിച്ചിരുന്നതായി കണ്ടെത്തി. 2020-ലെ കോവിഡ് ലോക്ക്ഡൗൺ കാലം മുതൽ 2022 വരെ ഇയാൾ കുട്ടികളെ പീഡിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി.
പീഡനവിവരം പുറത്തുപറയാതിരിക്കാൻ അബ്രഹാം കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. 2022-ൽ പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും കേസന്വേഷണം തുടക്കത്തിൽ മന്ദഗതിയിലായിരുന്നു. പിന്നീട് എ.എസ്.പി കെ. ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള പുതിയ കേസ് ഓഫീസർ സംഘം അന്വേഷണം ഏറ്റെടുത്തു. ആറുമാസത്തിനകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.
ശാസ്ത്രീയ തെളിവുകൾ, കുട്ടികളുടെയും രക്ഷിതാക്കളുടെയും മൊഴികൾ എന്നിവ ഉൾപ്പെടെയുള്ള തെളിവുകൾ പരിഗണിച്ചാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ഉഷയാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. കേസിൽ വേഗത്തിൽ വിചാരണ പൂർത്തിയാക്കി കോടതി ശിക്ഷ പ്രഖ്യാപിക്കുകയായിരുന്നു.










